Saturday 9 April 2011

ഈ വെളുത്ത രാത്രിയിൽ...


[ ഇന്നിനി നമ്മളിലൊരാളിന്റെ നിദ്രക്കു
മറ്റെയാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി ഞാൻ ഉണർന്നിരിക്കാം
നീയുറങ്ങുക...onv]


വെളുത്ത പൂക്കളേയും വെള്ളാരം കല്ലുകളെയും വെണ്മേഘങ്ങളേയും വെളുത്ത പ്രാവുകളേയും ഇഷ്ടമായത് കൊണ്ടാണോ ഞാൻ വെളുത്ത നിറത്തെയും സ്നേഹിച്ചത്? പാല്പായസം പോലെതന്നെ വെളുത്ത പാഷാണവും എനിക്ക് പ്രിയമായി തോന്നുന്നത് ആ നിറത്തോടുള്ള പ്രണയമല്ലാതെ മറ്റെന്താണ്‌?!! മരണത്തിന്‌ കറുപ്പ് നിറമാണെന്ന് കരുതി ഭയന്നിരുന്നു. പിന്നീടാരാണ്‌ മരണം വെളുത്തതാണെന്ന് പറഞ്ഞുതന്നത്?! മരണവും ഒരു ഹരമായി.കൈ നീട്ടി തൊട്ടൊന്ന് പൊട്ടിച്ചിരിക്കാനും കൗതുകം!!

പരിശുദ്ധിയുടെ നിറമാണത്രെ വെളുപ്പ്. ശുഭ്രവസ്ത്ര ധാരിണികളെ കണ്ടാൽ മാലാഖമാരാണൊ എന്ന് ആലോചിച്ചു പോവും. ഇരുവശത്തും ശുഭ്രവസ്ത്ര ധാരിണികളുടെ സഹായത്തോടെ അങ്ങിനെ നീങ്ങുമ്പോൾ ഞാൻ സ്വർഗ്ഗത്തിലാണോ എന്നും തോന്നിപ്പോവുന്നു.വെളുത്ത ചുമരുകൾക്കുള്ളിലെ വെള്ള വിരിപ്പിട്ട മെത്തയിൽ വെളുത്ത കമ്പികളുള്ളാ കട്ടിലിൽ സ്ഥാനമുറപ്പിച്ചു.വെളുത്ത സ്റ്റാന്റിന്മേൽ കമിഴ്ന്നു കിടക്കുന്ന വെളുത്ത കുപ്പി. വെളുത്ത കുഴ്ലിലൂടെ നിറമില്ലാദ്രാവകം എന്റെ നാഡികളിലേക്ക്....കൺപോളകൾക്ക് ഭാരം വർദ്ധിക്കും പോലെ.....

കൺപോളകളുടെ ഭാരക്കൂടുതൽ ഓർമ്മിച്ചാൽ സുഗന്ദിയെ ഓർമ്മ വരും.സുഗന്ദിയുടെ കൺപോളകൾക്ക് എന്ത് കട്ടിയാണെന്നൊ!! അതിന്റെ ഭാരം കാരണം അവൾക്ക് കണ്ണ്‌ തുറക്കാൻ കഴിയാത്തതായി തോന്നിപ്പോകും..

അവളുടെ അമ്മ കുട്ടിക്കാലത്തെ തന്റെ വിസ്മയങ്ങളിലൊന്ന്‌. എനിക്കെല്ലാവരോടും അസൂയയാരിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ കഴിയുന്നത് കൊണ്ട് ചൂടൻ മോഹനേട്ടനോട്; മനോഹരങ്ങളായത് കൊണ്ട് പൂമ്പാറ്റകളോട്. സ്കൂളിൽ പോകേണ്ടാത്തത് കൊണ്ട് കോഴിക്കുഞ്ഞുങ്ങളോടും പൂച്ചകളൊടും നായ്ക്കളോടും. എന്നും സുഗന്ദിയെ സ്കൂളിൽ കൊണ്ടുവന്നു വിടുകയും തിരികെ കൊണ്ടുപോവുകയും ഉച്ചക്ക് വന്ന് ഊണ്‌ വാരിക്കൊടുക്കുകയും ഒക്കെ ചെയ്യുന്നൊരമ്മയെ കിട്ടിയത് കൊണ്ട് സുഗന്ദിയോട്...

ഉദ്യോഗസ്ഥ ദമ്പതികളുടെ മകളായി ജനിക്കരുതായിരുന്നു..പ്രത്യേകിച്ചും മൂത്തമകൾ!! മുതിർന്ന മക്കളെ ആർക്കും വേണ്ട. അമ്മേടെ ചെറിയമോളായി ജനിച്ചിരുന്നെങ്കിൽ എനിക്കും അമ്മേടെ തോളിൽ കിടന്നുറങ്ങാരുന്നു. വാശിപിടിച്ച് കരഞ്ഞ് മുതിർന്നവർക്ക് അടി വാങ്ങി കൊടുക്കാരുന്നു. സ്കൂളിലേക്കുള്ള ഓട്ടോറിക്ഷ വന്നാൽ അമ്മേടെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ടതിൽ കയറാരുന്നു..രണ്ട് വയസ്സ് തികയും മുൻപെ തനിക്ക് ചാർത്തി കിട്ടിയ മൂത്തമകൾ എന്ന സ്ഥാനം എന്നെ നോക്കി പല്ലിളിച്ചു; കൊഞ്ഞനം കുത്തി.

അസൂയക്കാരി മാത്രമല്ല ഒരു ദേഷ്യക്കരി കൂടിയാണ്‌ ഞാൻ. ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് ബാഗിനോട് ദേഷ്യം. സ്വന്തം ബാഗിനു പുറമെ സഹോദരങ്ങളുടെയും ബാഗുകൾ കൂടി സംരക്ഷിക്കുകയും ഓട്ടൊറിക്ഷയിൽ മറക്കാതെ വെയ്ക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോൾ ആ അഞ്ചുവയസ്സുകാരിക്ക് കൂടപ്പിറപ്പുകളോട് ദേഷ്യം. താഴെയുള്ള സഹോദരങ്ങൾക്ക് മാത്രം അമ്മ ചോറ്‌ വാരിക്കൊടുക്കുമ്പോൾ അമ്മയോട് ദേഷ്യം.എഴുതിയാലും എഴുതിയാലും തീരാത്തത്ര ഹോംവർക്ക് തരുമ്പോൾ ടീച്ചറോട് ദേഷ്യം. കളിക്കാൻ വിടാതിരിക്കുമ്പോൾ സായാഹ്നങ്ങളോട് ദേഷ്യം.ഉറക്കം മതിയാവാതെ തന്നെ നേരം വെളുക്കുമ്പോൾ പ്രകൃതിയോട് ദേഷ്യം. കാരണങ്ങളില്ലാതെ ഒറ്റക്കിരുന്ന് കരഞ്ഞുപോവുമ്പോൾ തൊട്ടാവാടി എന്ന് വിളിക്കുന്ന കൂട്ടുകാരോടും ദേഷ്യം!!!!

ദേഷ്യമില്ലാതിരുന്നത് അച്ഛനോടു മാത്രം.എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾക്കും കാല്പ്പനിക കഥകൾക്കും ശ്രോതാവായ, അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുമ്പോൾ തന്നെ ആത്മാവിൽ ഒരു ചിതയും മാമ്പഴവും മന:പാഠമാക്കിതന്ന അച്ഛൻ. എപ്പോഴോ അച്ഛനും ശത്രു പാളയത്തിലേക്ക് നീങ്ങി.ഉയരുന്തോറും നഷ്ടമായിക്കൊണ്ടിരുന്ന തിരിച്ചറിവുകൾ..!

ക്ലാസ്സിന്റെ പടികൾ ഒന്നൊന്നായി ചവിട്ടിക്കയറിയപ്പോൾ ഞാനറിഞ്ഞു സുഗന്ദിയുടെ അലക്കാത്ത യൂണിഫോമിന്റെ ഗന്ധം..കീറിത്തുടങ്ങിയ ബാഗിന്റെ മുഷിച്ചിൽ..ആഗ്രഹങ്ങളില്ലാത്ത അവൾക്ക് ഞാനെന്റെ മുനമാറ്റിയിടുന്ന പെൻസിലുകളും മണക്കുന്ന റബ്ബറുകളും നല്കി സൂക്ഷ്മതയില്ലാത്തവൾ എന്ന പേരുകൂടി സമ്മാനമായി നേടിയെടുത്തു.

മുതിർന്ന ക്ലാസ്സിലെത്തിയപ്പോൾ ഒരു കൂട്ടുകാരി സ്വകാര്യം പറഞ്ഞു സുഗന്ദിക്ക് അച്ഛനില്ലെന്ന്. അത്ഭുതം അതല്ല അവളുടെ അച്ഛൻ മരിച്ചിട്ടുമില്ല.സംശയങ്ങൾ മനസ്സിൽ കിടന്നുരുണ്ടുകൂടട്ടെ! പുറത്ത് വരരുത്. പ്രായത്തിന്റെ പക്വതയില്ലാത്തവൾ എന്ന ചീത്തപ്പേര്‌ പണ്ടേയുണ്ട്. ഇവിടെ നിശബ്ദതയാവാം. നിശബ്ദതക്കും വാക്കുകൽ ഉണ്ടത്രെ!

വളരുന്തോറും പിളരുന്ന രാഷ്ട്രീയ പാർട്ടികളെ പോലെ മുതിരുന്തോറും ഞങ്ങൾ സുഗന്ദിയിൽ നിന്നകന്നു. ഒട്ടും സഹിക്കാൻ കഴിയാത്ത കാരണം അവളുടെ അമ്മക്ക് പകരുന്ന രോഗമുണ്ടെന്നതത്രെ. അമ്മയുടെ ദീനവും മകളോടുള്ള അകല്ച്ചയും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കും അറിയില്ലായിരുന്നു. എല്ലാരും പാടിയത് ഞാനും പാടി. അത്രമാത്രം! അർത്ഥ മറിയാത്തവക്ക് മുന്നിൽ മൗനം തന്നെ ഉചിതം. ഈ മൗനവും ഈ നിശബ്ദതയും വാചാലമാണ്‌.

സുഗന്ദി പഠനം നിർത്തിയതെന്തിനായിരുന്നു? വിവാഹമെന്നാരോ പറഞ്ഞു.ആരേയും ക്ഷണിച്ചില്ല. ആരും പോയതുമില്ല. വിവാഹം കഴിഞ്ഞും പഠിക്കുന്നവർ ഒരുപാട് പേരുണ്ട്.പക്ഷെ, സുഗന്ദി പിന്നെ പഠിച്ചില്ല. ആരും അന്വേഷിച്ചതുമില്ല.

അന്ന് കൂട്ടുകാരോടൊപ്പം ടിപ്പുവിന്റെ കോട്ടയിലേക്ക് ഇറങ്ങിയതാണ്‌. ചില സായാഹ്നങ്ങളിൽ കൂട്ടുകാരൊത്തൊരു കറങ്ങൽ..മനസ്സിനതൊരു സുഖമാണ്‌.ടിപ്പുവിന്റെ കോട്ടയെ ചുറ്റിപറ്റി നില്ക്കുന്ന എന്റെ ബാല്യം സന്തോഷമായും നഷ്ടബോധമായും,കണ്ണീരായും,വേദനയായും മനസ്സിലൂടെ അങ്ങിനെ കടന്നുപോകും. അന്ന് നടക്കാനിറങ്ങിയ സമയത്തെ പഴിച്ചുപോയി.ചുരിദാറിന്റെ ടോപ്പിനേയും ഷാളിനേയുമൊക്കെ അനുസരണക്കേട് പഠിപ്പിക്കുന്ന ശക്തമായ തീ തുപ്പുന്ന പാലക്കാടൻ കാറ്റ്..തീക്കാറ്റും പൊടിപടലങ്ങളും ശരീരത്തെ തളർത്തി.പാതവക്കിൽ നിന്നും ഞങ്ങളുടെ നേരെ നീട്ടിയ കൈകളിലേക്ക് അലക്ഷ്യമായി നോക്കിയതാണ്‌. ഉള്ളിലൊരു അഗ്നിപർവ്വതമാണോ പൊട്ടിയത്!! തന്റെ കരങ്ങളും കണ്ണുകളും എത്ര പെട്ടെന്നാണ്‌ സുഗന്ദിയുടെ അമ്മ പിൻവലിച്ചത്!!!!

അതെന്തൊരു ദിവസമായിരുന്നു! ഉണ്ണാനോ ഉറങ്ങാനോ കഴിയാതെ.....

എന്നെ പോലെ തന്നെ എന്റെ നിദ്രക്കുമുണ്ട് സ്വാർത്ഥത. മനസ്സിന്റെ ഏകാന്തതയിൽ മാത്രം വിരുന്നു വരുന്ന, മനസ്സിൽ വേദനയൊ അലട്ടലൊ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാൽ പിണങ്ങിപ്പോകുന്ന സുന്ദരനായ നിദ്ര..അന്നവൻ എനിക്കരികിലേക്ക് വന്നതെയില്ല..മനസ്സ് മുഴുവൻ സുഗന്ദിയും അമ്മയുമാണെന്ന് നിദ്ര അറിഞ്ഞുവോ?

തിരിച്ചറിവുകൾ ഒന്നൊന്നായി കൈയെത്തി തൊടുകയാണോ? സുഗന്ദിയുടെ അച്ഛനില്ലായ്മയുടെ പൊരുളാണഴിഞ്ഞത്. പാതവക്കിലെ കുഞ്ഞുമക്കൾക്കൊന്നും അച്ഛനുണ്ടാവാറില്ലെന്ന് എവിടെയോ ഞാനും വായിച്ചിട്ടുണ്ട്.

വഴിയോരത്ത് നിന്നും മകളെ ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കാനയച്ചൊരമ്മ!
രാത്രികളിൽ ഉറക്കമൊഴിച്ച് മകളുടെ ചാരിത്ര്യത്തിനു കൂട്ടിരുന്നൊരമ്മ..
പ്രായപൂർത്തി എത്തിയയുടനെ മകൾക്കൊരു സംരക്ഷകനെ കണ്ടെത്താൻ കഴിഞ്ഞൊരമ്മ..
ഇതിലും വലിയ സ്വപ്നങ്ങൾ ആ അമ്മക്കുണ്ടായിരുന്നൊ?....

എന്റെ മനസ്സിലെ കാർമേഘങ്ങൾ ഘനീർഭവിച്ചു. ഇനി പെയ്യാതെ വയ്യ!! കണ്ണുനീർ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി. കൺപോളകളുടെ ഭാരം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വരും പോലെ! ഇപ്പോൾ കണ്ണുകൾ പതുക്കെ തുറക്കാം..

വീണ്ടും വീണ്ടും എന്റെ കവിളിൽ തട്ടുന്നതാരാണെന്ന് പതുക്കെ കണ്ണു തുറന്ന് നോക്കി. മുഖത്ത് നല്ല പുഞ്ചിരിയുമായി ഡോക്ടർ അൻവർ സാദത്ത്. “ഇന്നലെ ഞങ്ങളെയൊക്കെ ബേജാറാക്കിയല്ലൊ അനുക്കുട്ടീ..” അയാൾ വെളുക്കെ ചിരിച്ചു. ഞാൻ പതുക്കെ ചുറ്റും നോക്കി. അമ്മ കരയുകയാണ്‌. അച്ഛനും മറ്റുള്ളവരും ചില്ലിനപ്പുറത്താണ്‌..

അമ്മ കരഞ്ഞതെന്തിനാണ്‌?!!! പരീക്ഷക്ക് A+ കിട്ടിയില്ലെങ്കിൽ ഇങ്ങിനെ ഒരു മകളില്ലെന്ന് പറഞ്ഞത് അമ്മയല്ലെ? വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞില്ലെ? എനിക്ക് A+ കിട്ടിയില്ലെന്ന് അമ്മ അറിഞ്ഞില്ലെ ഇതു വരെ?!!!

റിസൾട്ടറിഞ്ഞ നിമിഷം ലോകം മുഴുവൻ ശൂന്യമായത് പോലെ. എന്റെയുള്ളിലെ അമ്പിളിമാമനും നക്ഷത്രങ്ങളും ഒരുമിച്ച് കെട്ടടങ്ങിയത് പോലെ. അല്പനേരം കഴിഞ്ഞ് അവിടെ തെളിഞ്ഞതൊരു ഒറ്റ നക്ഷത്രം.അതിന്‌ സുഗന്ദീടെ അമ്മയുടെ ഛായ! എന്നിലൂടെ സുഗന്ദിമാർ പിറക്കാതിരിക്കട്ടെ എന്ന് ചിന്തിച്ചത് ബാലിശമോ?!!
അമ്മയുടെ കണ്ണീരല്ല ഈ മകൾക്കാവശ്യം.സ്നേഹമാണ്‌.സാന്ത്വനമാണ്‌.സംരക്ഷണമാണ്‌..നാക്കുകൾക്ക് കുഴച്ചിൽ ഉള്ളത് പോലെ. പറയാൻ ശ്രമിക്കുന്നത് പകുതിയെ പുറത്ത് വരുന്നുള്ളു എന്ന് തോന്നുന്നു. ഡോക്ടർ വീണ്ടും കുത്തിവെച്ച മരുന്നിന്റെ ശക്തി കൊണ്ടാണോ കണ്ണുകൾ അടഞ്ഞ് പോകുന്നത്..?

“പേടിക്കാനൊന്നുമില്ല. ഉണർന്നൂന്നെയുള്ളൂ. ഓർമ്മ വരാൻ കുറച്ചൂടെ സമയമെടുക്കും. ഒന്നുകൂടി മയങ്ങി എണീക്കട്ടെ. തല്ക്കാലം പുറത്തറിയണ്ട.കേസും കൂട്ടോം...” ഡോക്ടറുടെ ആശ്വാസ വചനങ്ങളാണ്‌.

ഞാൻ സ്വബോധത്തിൽ തന്നെയാണെന്ന് പറയണമെന്ന് തോന്നി.കഴിഞ്ഞില്ല. അപ്പൊഴേക്കും എവിടെ നിന്നൊ വെളുത്ത മാലാഖ ഉടുപ്പുമിട്ട് കുറെ LKG കുഞ്ഞുങ്ങൾ.. അവർ എനിക്ക് ചുറ്റും നൃത്തം വെച്ചു. എന്നിട്ട് പതുക്കെ ഉയർന്ന് പൊങ്ങി. വസന്ത പൗർണ്ണമിയുടെ തിളക്കമാർന്ന ഈ വെളുത്ത രാത്രിയിൽ ആ കുഞ്ഞുങ്ങൾ വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള മേഘപാളികൾക്കുള്ളിലേക്ക് നീങ്ങുന്നു. എന്നെയും അവർ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു; പാട്ടുകളുടേയും കഥകലുടേയും മറ്റൊരു ലോകത്തിലേക്ക്........