Monday 9 May 2011

ക്യാഷ്യർ

കമ്പിയിഴകളിലൂടെ നോക്കിയാൽ ലോകം വളരെ ചെറുതായി തോന്നാറുണ്ട്‌.നൂറുകണക്കിനു പേർ ദിവസേന ഈ കമ്പി വലയ്ക്ക്‌ പുറത്ത്‌ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട്‌ അപ്രത്യക്ഷമാകും.എല്ലാവരുടെ മുഖത്തും തിടുക്കം മാത്രം.നടന്നടുക്കുന്ന ഓരോ ചുവടും മരണത്തിലേക്കാണെന്നോർക്കാതെ..

നോട്ടുകളുടെ ഗന്‌ധങ്ങൾ തിരിച്ചറിയാനും അവയിലൂടെ ആളെ തന്നെ തിരിച്ചറിയാനും ഞാൻ പഠിച്ചതെപ്പോഴാണ്‌..?! ചിലരുടെ പണത്തിന്‌ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമാണ്‌. ചിലരുടെതിന്‌ അരിയുടെ,മുളകിന്റെ,മത്സ്യത്തിന്റെ,വിയർപിന്റെ,കണ്ണീരിന്റെ..നോട്ടുകളുടെ ഗന്ധം എന്റെ സിരകളെ മത്ത്‌ പിടിപ്പിക്കാറില്ല.പണത്തിനോടും മമത കുറഞ്ഞ്‌ വരുകയാണോ?

“ടോക്കൺ മുപ്പത്തിമൂന്ന്‌ റസിയാ...”
നിമിഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഞാൻ വീണ്ടും വിളിച്ചു..
“ടോക്കൺ മുപ്പത്തിമൂന്ന്‌...റസിയാബീഗം..”

ഞാനും അടുത്ത ഊഴത്തിനായി കാത്ത്‌ നില്കുന്നവരും ഒരു പോലെ അക്ഷമരായി.ഞാൻ അടുത്ത ടോക്കണിലേക്ക്‌ കടന്നു.ക്ഷമയുടെ അർത്ഥവും അർത്ഥാന്തരങ്ങളും ഞങ്ങളെല്ലാം ഒരുപോലെ വിസ്മരിച്ചിരിക്കുന്നു.അർത്ഥശൂന്യതയെ മാറോടണക്കാൻ ഇഷ്ടമില്ലാത്ത നവയാന്ത്രിക ലോകം..!!

കാലങ്ങൾക്ക്‌ മുൻപ്‌ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്ന്‌ പറഞ്ഞ കഥാകാരനും,മരിക്കുന്ന പുഴയെ നോക്കി കരഞ്ഞ കവിയത്രിയും,അവർക്കൊപ്പം തേങ്ങിയിരുന്ന ഞാനും..എല്ലാം ഇന്നൊരുപാടകലെയാണ്‌.എന്നിൽ നിന്നൊരിക്കലും അടരില്ലെന്ന്‌ കരുതിയിരുന്ന സ്വപ്നലോകം..അക്ഷരങ്ങൾ സ്വപ്നങ്ങളായും മോഹങ്ങളായും വിരിഞ്ഞിരുന്ന കാലം..ഭാവനയായും മാസ്മരികതയായും അക്ഷരങ്ങൾ പൂത്തിരുന്ന കാലം..ഇന്നവയ്ക്കെല്ലാം പലരൂപത്തിലും വലുപ്പത്തിലുമുള്ള നോട്ടുകളുടെ ഛായ..
കാലത്തെ പഴിചാരി രക്ഷ്പ്പെടുകയാണോ?
എനിക്ക് ചുറ്റുമുള്ള പ്രയാണങ്ങൾ എന്നെ അലട്ടില്ലെന്ന് കരുതി. എന്റേതായ ലോകത്തിൽ ഞാൻ തനിച്ച്...

“സാർ..,ടോക്കൺ മുപ്പത്തിമൂന്ന് വിളിച്ചോ.....?”
സാരിതലപ്പ് ഒന്നുകൂടി തലയിലേക്ക് പിടിച്ചിട്ടുകൊണ്ട് മുന്നിൽ റസിയാബീഗം..

ഇവളെ ഞാൻ വർഷങ്ങളായി കാണുന്നു.ക്ഷമയോടെ തിരക്കൊഴിയാൻ കാത്തു നില്ക്കും..പ്രത്യേകിച്ച് കൌണ്ടറിലെ ആണുങ്ങളുടെ തിരക്കൊഴിഞ്ഞാലെ ഇവൾ വരൂ. ഇന്ന് എന്തൊ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി.നേരിയ ലജ്ജയാൽ അവളുടെ മിഴികൾ താണു.അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ്‌ രൂപാനോട്ടിന്‌ റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. അവളുടെ ശബ്ദം നാണയത്തുട്ടുകളുടെ കലമ്പൽ പോലെ.

റസിയബീഗം ഒരു മുത്തശ്ശിയായെന്ന് ഒരു സ്റ്റാഫിൽ നിന്ന് അറിഞ്ഞതിനാലാണോ ഇന്നവളെ പതിവില്ലാതെ ശ്രദ്ധിച്ചത്? ആ കണ്ണുകളിൽ കണ്ടത് ദൈന്യതയോ? പതിമൂന്നാം വയസ്സിൽ ഭാര്യ..ഏതാനും ദിവസത്തെ ദമ്പത്യത്തിനു ശേഷം ലഭിച്ച വൈധവ്യം..പതിനാലാം വയസ്സിലെ മാതൃത്വം..ഒടുവിൽ മുപ്പത് തികയാത്ത മുത്തശ്ശിയും.ഇനിയും ജീവിതത്തിന്റെ ഏടുകൾ ബാക്കി. തലമുറകൾ എണ്ണിയെണ്ണി..

ജീവിതത്തിന്റെ വലിയൊരു മുഖമാണ്‌ തൊഴിലിന്‌.എനിക്ക് ചുറ്റും തീർത്തിരിക്കുന്ന ഈ കമ്പി വലയം എന്റെ അതിർവർമ്പുകളെ കുറിക്കുകയാണോ..?! പേരുകൾ ഒന്നൊന്നായി വിളിക്കുകയും ഓരോ പേരിന്റെയും ഉടമസ്ഥർ വരുകയും പോവുകയും ചെയ്യുന്നു.നാട്ടിലെ സമ്പന്നരും ദരിദ്രരും ഒരുപോലെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പരിചിതരും അപരിചിതരുമായവർ വരുകയും പോവുകയും ചെയ്യുന്നു. പരിചിത മുഖങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിക്കും. പക്ഷെ,എന്റെ പേരു ചൊല്ലി കൂട്ടുകാരൻ വിളിച്ചപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.ജനമധ്യെ അധികമൊന്നും സംസാരിക്കാൻ കഴിയില്ലെങ്കിലും അവൻ ചോദിച്ചു..
“പഠിക്കുന്ന കാലത്ത് ഞാൻ കരുതി നീയൊരു അദ്ധ്യാപകനോ സാഹിത്യകാരനോ ആകുമെന്ന്. നീയിപ്പോൾ എഴുതാറില്ലെ? പൂക്കളുടെ ഗന്ധമുള്ള നിന്റെ കവിതകൾ.....!!!!”
മുഷിഞ്ഞു പിഞ്ഞിക്കീറിയ, നേരെ നിവർന്നു നിൽക്കാൻ സെല്ലൊടേപ്പ് ഒട്ടിച്ച,മൂല്യശോഷണം വന്ന അഞ്ചു രൂപാനോട്ടിനോട് തന്റെ മനോഹരമായ ഗതകാലപ്രൌഢിയെ കുറിച്ച് ചോദിക്കും പോലെ തോന്നിച്ചു അവന്റെ ചോദ്യം..

അവനു ബാക്കി നൽകാൻ ചില്ലറയില്ലാതെ മനസ്സ് ഒന്ന് പിടഞ്ഞു. ചോദ്യം കേട്ടതായി ഭാവിച്ചില്ല.എഴുത്ത്..!!!ഏതോ ഒരു കാലത്ത്‌ ഏതോ ഒരു ഞാൻ ചെയ്ത..എന്തോ ഭ്രാന്ത്..അക്ഷരങ്ങളെ സ്നേഹിച്ച,അക്ഷരങ്ങൾക്ക് കൂട്ടിരുന്ന,അക്ഷരങ്ങളുടെ കൂട്ടുകാരനായ ഞാൻ ഇന്ന് എവിടെയെന്ന് എനിക്ക് തന്നെ അറിയില്ല. ഉത്തരവാദിത്വങ്ങളുടെ കുരുക്കുകൾക്കിടയിൽ പിടി മുറുകുമ്പോൾ..അക്ഷരലോകവും എന്നോട് വിട ചൊല്ലിയോ?എഴുതുവാൻ തുടങ്ങും മുൻപെ വാക്കുകൾ പിണങ്ങി മാറുന്നു.വായനയുടെ മൃത്യു. എഴുത്തിന്റെ മരണവേദന. അക്ഷരങ്ങൾ അക്കങ്ങൾക്ക് വഴിമാറിക്കൊടുത്തു.ഇന്ന് ഞാൻ കോറിയിട്ട അക്കങ്ങൾ വായിച്ചെടുക്കാൻ എനിക്ക് തന്നെ നന്നേ പാടുപെടേണ്ടിയിരിക്കുന്നു!


ഒരുകാലത്ത് എന്റെ അക്ഷരങ്ങളെ സ്നേഹിച്ച,എന്റെ ഭാവനയുടെ ചിറകിലേറി എനിക്കൊപ്പം പറന്ന എന്റെ പ്രണയിനി....

ഇന്നവൾ യഥാർത്ഥജീവിതത്തിന്റെയും കാല്പനികതയുടെയും അർത്ഥങ്ങൾ തിരിച്ചറിഞ്ഞിരിക്കണം.അതോ,അവയൊന്നും ചിന്തിക്കാൻ പോലും ശക്തിയില്ലാതെ...

പ്രണയം.. ഒരു പ്രത്യേക നിമിഷങ്ങളിലെ മനോഭാവം മാത്രമാണെന്ന് പറഞ്ഞതാരാണ്‌?..
ഞാൻ ചിന്തിച്ചിരുന്നതും ഞാൻ എഴുതിയിരുന്നതും അവൾക്ക് വേണ്ടി..
ഭാവനയുടെ ആ മായാലോകത്തേക്ക് ഞാൻ അവളെ കൈ പിടിച്ചുകൊണ്ട് വരരുതായിരുന്നു.
മിഥ്യാലോകത്ത് നിന്നും ഇരുവരും ഇറങ്ങി വന്നത് വളരെ പെട്ടെന്ന്..ഒരിക്കലും ഒരു മടക്കയാത്രയില്ലാത്ത ആ യാത്രയുടെ പടിവാതില്ക്കൽ ഞങ്ങൾ പകച്ചു നിന്നുവോ..!?

ബാങ്കിന്റെ ക്ലോസിങ്ങ് സമയം കഴിഞ്ഞ് എത്തിയവരെ അപ്പുറത്തെ സെക്ഷനിൽ നിന്നും മടക്കി അയക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സമയം..ആരേയും സ്നേഹിക്കാത്ത ,ആർക്കു വേണ്ടിയും കാത്തുനില്ക്കാത്ത സമയം..ആർക്കും പിടിച്ചു നിർത്താനും വയ്യ! നിതാന്തമായി,സ്വച്ഛമായി അതങ്ങിനെ ഒഴുകുന്നു..

രാവിലെ മുതൽ ഞാനെഴുതിയ പുസ്തകത്തിലെ കണക്കുകൾ കൂട്ടാനാരംഭിച്ചു.ഒരുപാട് കണക്കുകളുടെ കൂട്ടലിന്റെയും കുറക്കലിന്റെയും ആകെത്തുകയാണ്‌ ജീവിതം. പ്രയത്നങ്ങളെ കൂട്ടിക്കുറച്ച് കിട്ടുന്നത് പ്രതിഫലവും. തെറ്റിനും ശരിക്കുമിടയിലുള്ള ഒരു നേർത്ത അതിർവരമ്പ്. തിരുത്താനാവാത്ത തെറ്റുകളുമുണ്ട്. അവയോരോന്നും തീരാവേദനകളായി പെയ്തൊഴിയാതെ, അല്ലെങ്കിൽ പെയ്യാനാവാതെ ഒരു ഭാരമായി മനസ്സിന്റെ കോണിൽ അങ്ങിനെ കിടക്കും.

കംമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന സംഖ്യയും എന്റെ ക്യാഷ്ബുക്കിലെ സംഖ്യയും ഒന്നാവുക എന്നത് ഒരു വലിയ യുദ്ധമായി എനിക്ക് തോന്നാറുണ്ട്.
അക്കങ്ങളുടെ മഹായുദ്ധം..! അക്ഷരാർത്ഥത്തിൽ“ coin war"..!

യുദ്ധങ്ങൾ എനിക്ക് പണ്ടെ പരിചിതമായി കഴിഞ്ഞു. യുദ്ധം വിതക്കുന്നത് നാശമത്രെ!!

ബാല്യത്തിൽ ഞാൻ കണ്ടത് മാതാപിതാക്കൾക്കിടയിലെ യുദ്ധം..നഷ്ടമായത് എന്റെ മയിൽപ്പീലിത്തുണ്ടുകളും,മഴവില്ലും...
കൗമാരത്തിലെ വർണ്ണങ്ങൾ എന്നോട് യുദ്ധം പ്രഖ്യാപിച്ചുവോ?
നഷ്ടപ്പെട്ട നിറങ്ങളുടെ ഓർമ്മകളിൽ ഞാൻ മുഖം പൊത്തി കരഞ്ഞിട്ടില്ല...!
ഇപ്പോൾ അക്കങ്ങളുടെ യുദ്ധം..ഈ യുദ്ധത്തിന്റെ മനോവേദന അസഹനീയം..
ജീവിതത്തിന്റെ രണ്ടറ്റങ്ങളെ തമ്മിൽ കൂട്ടി മുട്ടിക്കാനായി പെടാപ്പാടു പെടുന്ന ഒരു ഗൃഹനാഥന്റെ..മക്കളുടെ ആവശ്യങ്ങൾക്ക് മുന്നിൽ പകച്ചു നില്ക്കുന്ന ഒരച്ഛന്റെ..ഒരു നിർധന സഹോദരന്റെ..അങ്ങിനെ വേദനിക്കുന്ന ഒരുപാട് മുഖങ്ങളെ ഈ അക്കങ്ങളുടെ യുദ്ധത്തിൽ കാണാം.

ചില നഷ്ടങ്ങൾ..അവയൊരിക്കലും മടങ്ങി വരില്ല. നഷ്ടപ്പെട്ട എന്റെ മയിൽപ്പീലിയും മഴവില്ലും മഞ്ചാടിയും ഒന്നും ഒരിക്കലും മടങ്ങി വരില്ല.അവസരങ്ങൾ ഒന്നേയുള്ളൂ..ജീവിതവും.,!!

”എടോ, ഇങ്ങിനെ എല്ലാം കളഞ്ഞുകുളിക്കാനായി എന്തിനാ പണിക്ക് വരുന്നെ? ഒരിക്കലും ഒരു സ്വപ്നജീവിക്ക് ഒരു നല്ല കാഷ്യറാവനൊക്കില്ല..“ പുറകിൽ നിന്നും മനേജറുടെ സഹതാപവും സ്നേഹവും കലർന്ന ശാസനാവാക്കുകൾ..

ശരിയാണ്‌. ഒരു കാഷ്യർ വികാരാധീതനാവണം. ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലിലോ, വേദന തിന്നുന്ന ഒരു രോഗിയിലോ,ചിരപരിചിത മുഖങ്ങളിലോ ഒന്നും അവന്റെ ശ്രദ്ധ പതിയരുത്.കൗണ്ടറിന്‌ മുന്നിൽ ഒരു പുരുഷാരം തന്നെ ഉണ്ടായാലും മനസ്സ് പതറാതെ ശ്രദ്ധാലുവായി..

ഇന്ന് ശമ്പളദിവസമാണ്‌. വീട്ടിൽ ഒരുപാട് ആവശ്യങ്ങളുമായി മക്കൾ,ഭാര്യ..പിന്നെ,പലചരക്ക് കടക്കാരൻ,പാൽക്കാരൻ തുടങ്ങിയ നിർബന്ധ പിരിവുകാർ..ബാധ്യതകൾ വിഴുപ്പ് ഭാണ്‌ഡങ്ങളാകുന്നു. എനിക്ക് ചുറ്റുമുള്ള ലോകം ഒന്ന് മാറി മറിഞ്ഞെങ്കിൽ..

ക്യാഷ് ബാലൻസിൽ വരുന്ന കുറവ് കാഷ്യർ സ്വന്തം കൈയിൽ നിന്നും നികത്തണം. നേരം സന്ധ്യയോടടുക്കുന്നു. മറ്റ് വഴികളൊക്കെയും അടയുന്നു. മനോഹരിയായ സന്ധ്യക്ക് മരണത്തിന്റെ മണമാണെന്നെനിക്ക് തോന്നി. അരുണിമയാർന്ന ആകാശത്തിന്‌ ആർദ്രഭാവം..

പോക്കറ്റിൽ നിന്നും റസിയാബീഗത്തിന്റെ ചുണ്ടുകളെ ഓർമ്മപ്പിക്കുന്ന, ചെഞ്ചോര വർണ്ണങ്ങളുള്ള ഏതാനും നോട്ടുകൾ എടുത്ത് ക്യാഷ്ബോക്സിൽ വെച്ചു. മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്താണ്‌? കീറിയ സ്കൂൾ ബാഗിന്‌ പകരം മറ്റൊന്നാവശ്യപ്പെടുന്ന കുഞ്ഞുമോളോ? പുത്തൻ സൈക്കിളിനായി കാത്തിരിക്കുന്ന പൊന്നുമോനോ?അതോ, അടുക്കളയിലെ കാലിപാത്രങ്ങൾ കാണിച്ച് പരിഭവിക്കുന്ന ഭാര്യയോ? അതൊ, പരിഭവങ്ങളും പരാതികളുമില്ലാതെ തൊട്ടിലിൽ കിടക്കുന്ന കൊച്ചുവാവയോ?..

കണ്ണിൽ നിന്നും അറിയാതെ ഇറ്റുവീണു രണ്ട് രക്തത്തുള്ളികൾ..!! അവയോരോന്നിലും തിളങ്ങുന്ന പുഞ്ചിരിയുമായി ഗാന്ധിജി....!!!!


[' ഇതള്‍' ത്രൈ മാസികയില്‍ പ്റസിദ്ധീകരിച്ചത്..]