Sunday 9 October 2011

സ്വപ്നങ്ങളിലൂടെ...

     വിജനമായ ആ വീഥിയിലൂടെ ഞാനിങ്ങനെ ഏകയായി അലക്ഷ്യമായി നടക്കുന്നതെന്തിനാണ്‌? ഓര്‍മ്മകള്‍ പാടേ പടി ഇറങ്ങിപ്പോയത് പോലെ. ചുറ്റുമുള്ള വീഥികള്‍ പെട്ടെന്ന് പ്രളയത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ടുപോയതാണോ? എങ്ങും ജലം നിറയുന്നു. വീഥികളിലെ ജലം കെട്ടിടങ്ങളേയും വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എന്റെയുള്ളില്‍ ഭയം കൂടുകെട്ടി.

     അതിലൊരു കെട്ടിടം എനിക്ക് പരിചയമുള്ളത് പോലെ. ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ! അത് മദീനാപള്ളിയാണ്‍്‌. അതിന്റെ പച്ച നിറമുള്ള മിനാരം മാത്രമേ ഇനി ജലം വിഴുങ്ങാനുള്ളൂ. ബാക്കിയെല്ലാം വെള്ളത്തിന്റെ വായ്ക്കകത്താണ്‌.ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്‌. ഇത് ജനങ്ങളില്‍ എത്തിക്കെണ്ടത് എന്റെ ബാധ്യതയാണ്‌. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ വളരെ ഔത്സുക്യത്തോടെ പകര്‍ത്തിയെടുത്തു.

      ഞാനിപ്പോള്‍ നില്‍ക്കുന്നത് എവിടെയാണ്‌? ഇവിടിപ്പോള്‍ ജലമില്ല. ചുറ്റും കാണുന്ന വലിയ പുല്ലുകള്‍ നെല്ലിന്റേതല്ല. അതിന്റെ പുല്ലുകള്‍ മറ്റേതൊ ധാന്യത്തിന്റേതാണ്‌. ഈ വയലിന്റെ ഒരു വശത്തെ പുല്ലുകള്‍ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. താഴെ ചെളി കെട്ടിക്കിടക്കുന്നു. അവിടേക്ക് പന്ത്രണ്ട് പശുക്കളുടെ മുകളിലായി പന്ത്രണ്ട് മനുഷ്യര്‍ കടന്നു വന്നു.  കറുത്ത് തടിച്ചവര്‍. അവര്‍ക്ക് അസാമാന്യ വണ്ണവും  ഉയരവും.ആ യുവാക്കളുടെ അരയില്‍ മാത്രം ഒരു തരം നിറം മങ്ങിയ വെളുത്ത വസ്ത്രം. ആ പശുക്കള്‍ക്കും സാധാരണയില്‍ കവിഞ്ഞ വലുപ്പവും തടിയും. അവക്ക് ഓറഞ്ചു വര്‍ണ്ണം.അവയുടെ മുഖം വളരെ വൃത്തിയുള്ളതും ആകര്‍ഷകവും ആയിരുന്നു. അവര്‍ കടന്നു വന്നപ്പോള്‍ ആ ചെളിക്കെട്ട് ഒന്നൂടെ വീണ്ടും മെതിക്കപ്പെട്ടു. അതെന്നെ അലോസരപ്പെടുത്തി.ആ ചെളിക്കെട്ടിന്റെ നടുവിലേക്ക് ഞാന്‍ നോക്കി. അതാ.!! പരിശുദ്ധ കഅ്‌ബാലയം..! ഞാന്‍ ഞെട്ടി. എന്റെ ശരീരത്തിലാകമാനം രോമാഞ്ചം. എത്രയോ സമ്പന്നര്‍ ഹജ്ജ് ചെയ്യുന്നു. അവര്‍ക്കൊന്നും കഅ്‌ബാലയത്തിന്റെ പഴയ രൂപം കാണാന്‍ ആവില്ലല്ലൊ. ആര്‍ക്കും കാണാന്‍ കഴിയാത്ത കാഅ്‌ബാലയത്തിന്റെ പഴയ രൂപം..!!!

     സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. മഴക്കാലമായിരുന്നിട്ടുകൂടി വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. ഞാന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തായിരിക്കും? പശുക്കളുടെ മുകളിലെ സഞ്ചാരം ..ഒരു പക്ഷെ മൂസാനനബിയുടെ കാലഘട്ടമാവണം! കിടപ്പുമുറിയുടെ ജനാലതുറന്ന് പുറത്തേക്ക് നോക്കി. എന്നും കാണാറുള്ള തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന ആ പര്‍‌വ്വതത്തിനു സീനാപര്‌വ്വതത്തിന്റെ ഛായ!അതിനെ തൊട്ടുരുമ്മി നാണം കുണുങ്ങി ഒഴുകുന്ന തുപ്പനാട് പുഴ. ഈ പ്രകൃതിസൗന്ദര്യത്തിനു ഒരു അപവാദമെന്ന പോലെ അതിന്റെ മുന്നിലായി ജോസഫേട്ടന്റേയും മെഴ്സിചേടത്തിയുടേയും കൂര.

  പരോപകാരിയായ ജോസഫേട്ടന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍. മദ്യപാനം കൊണ്ട് കുടുംബത്തിനു കണ്ണീര്‍ സമ്മാനം വാരിവിതറുമ്പോള്‍ മറുഭാഗത്തൂടെ ചോരുന്ന സമ്പാദ്യം. രണ്ടു പെണ്മക്കളില്‍ മൂത്തയാളുടെ വിയര്‍പ്പിനാല്‍ പുകയുന്ന അടുപ്പ്.

     തോരാത്ത മഴ. എന്റെ ഈ ജനാലയിലൂടെ മഴകാണാം. എത്ര നേരം ഇരുന്നാലും മതിയാവാറില്ല. ആകാശത്ത് നിന്നും മഴത്തുള്ളികള്‍ ഭൂമിയെ ആശ്ലേഷിക്കുന്നത് കാണാന്‍..കുന്നിന്‍ മേല്‍ നിന്ന് അരുവി ഒഴുകുന്നത് കാണാന്‍..പുഴ കലങ്ങുന്നതും നിറയുന്നതും കാണാന്‍..ഒരു മഴക്കാലം പെയ്ത് തിമിര്‍ക്കുമ്പോള്‍ മുന്‍പേതോ മഴക്കാലത്തിന്റെ മധുരിമയാര്‍ന്ന അല്ലെങ്കില്‍ വേദനിപ്പിക്കുന്ന സ്മരണകള്‍ അങ്ങിനെ മനസ്സിലൂടെ..

     മേഴ്സിച്ചേടത്തിക്കാണെങ്കില്‍ മഴ ഒരു ശാപവും. ചോര്‍ന്നൊലിക്കും കൂരക്കകത്ത് നിന്നും മഴ കനക്കും തോറും കൂടുതല്‍ കൂടുതല്‍ ആദിയോടെ കേള്‍ക്കാവുന്ന ശാപവാക്കുകള്‍. നോക്കിയിരിക്കെ യാദൃശ്ചികമായി നിലം പതിക്കുന്ന കൂര. മഴമേളത്തില്‍ അലിയുന്ന നിലവിളികള്‍. എല്ലാം കെട്ടടങ്ങി ആ കുടുംബം സഹോദരഗൃഹത്തിലേക്ക് യാത്രയാവുന്നതും നോക്കി ഇരുന്നിട്ടും മനസ്സെന്തെ ഒന്ന് വേദനിച്ചില്ല? സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി അത് അപ്പോഴും അലയുകയായിരുന്നൊ? അതോ സ്വന്തം സ്വകാര്യതയില്‍ കൂട്ടായി ഒരു വിരുന്നുകാരനോ വിരുന്നുകാരിയോ തങ്ങള്‍ക്കിടയിലേക്ക് വരാത്തതെന്തേ എന്ന് മാത്രമേ മനസ്സ് മന്ത്രിച്ചുള്ളോ? മനസ്സ് ഒരു വിചിത്ര സമസ്യ!

     വിചിത്ര സ്വപ്നത്തിന്‍ അര്‍ത്ഥമറിഞ്ഞില്ലെങ്കിലും അതിനെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍ക്കും തോറും ഹജ്ജ് എന്ന കര്‍മ്മം മനസ്സില്‍ തെളിഞ്ഞു വന്നു. വിളിച്ചാല്‍ ഉത്തരം കിട്ടുന്ന ആ ഭൂമിയില്‍ ചെന്ന് അപേക്ഷിച്ചാല്‍ ഒരു പക്ഷെ എന്റെ മാതൃത്വം എന്ന മോഹത്തിന്റെ പൂര്‍ത്തീകരണം സാധ്യമാകുമെന്ന് മനസ്സില്‍ നിന്ന് ആരോ പറയുകയാണോ?..തീരുമാനമെടുക്കാന്‍ പിന്നീട് വേണ്ടിവന്നത് നിമിഷങ്ങള്‍ മാത്രം. പ്രതീക്ഷിച്ചപോലെ ഇക്കയോ ഉപ്പയോ തടസ്സം പറഞ്ഞില്ല.
     ഇക്കയുടെ സമ്പാദ്യങ്ങളില്‍ തനിക്കുള്ള ഓഹരി പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പെരുകി വരുന്നത് നിറഞ്ഞ മനസ്സോടെ നോക്കികണ്ടു. ഗാന്ധി ചിത്രങ്ങളുള്ള കടലാസുകഷ്ണങ്ങള്‍ക്ക് മോഹങ്ങളുടെ ഗന്ധം.

     ചില നിമിഷങ്ങളില്‍ ഒരു ഉമ്മ ആയത് പോലെ! രാവേറെ ചെന്നിട്ടും ഉറക്കം വരാതെ  താരാട്ടു പാട്ടിന്റെ ഇശലുകള്‍ മനസ്സിലങ്ങിനെ... പുലരാനയപ്പഴെപ്പോഴൊ നിദ്ര വന്ന് തഴുകിത്തലോടി...
സ്വപ്നങ്ങളുടെ ലോകത്തിലേക്ക് ഒരു സുഖകരമായ യാത്ര..!!

     ആ കുന്നില്‍ പുറത്തെക്ക് കയറിയപ്പോള്‍ കൂടെ ഉണ്ടായിരുന്നത് ഒരു വെളുത്ത മക്കനയും കറുത്ത പര്‍ദ്ദയും അണീഞ്ഞ ഒരു കൂട്ടുകാരിയാണ്‌. ഈ പര്‍‌വ്വതം ഏതാണ്‌? അത് സൗര്‍ ഗുഹയാണോ? അതോ ജബല്‍ നൂറോ? അറിയില്ല. അതിനടുത്തായി ഒരു പള്ളി. ചുമരുകള്‍  കരിങ്കല്ലിനാല്‍ നിര്‍‌മ്മിതം. പച്ച വര്‍‌ണ്ണമുള്ള മിനാരം. അതിനടുത്തായി ഒരു വന്‍ ജലാശയം. ആ ജലാശയത്തില്‍ നിന്ന് ഞങ്ങള്‍ വുളു എടുത്ത്  രണ്ട് റകഅത്ത് നമസ്കരിച്ചു.നമസ്കാര ശേഷം ഒരു ആശുപത്രിയിലേക്ക് പോയി. അവിടെ എന്റെ സഹോദരന്‍ അഡ്മിറ്റാണ്‌. എനിക്കവിടെ ദിവസങ്ങളോളം നില്‍ക്കേണ്ടതുണ്ട്. ശുശ്റൂഷക്ക് ഞാന്‍ തനിച്ചാണ്‌. സഹോദരന്‍ ഉച്ച മയക്കത്തിലായപ്പോള്‍ ഞാന്‍ പതിയെ പുറത്തിറങ്ങി. ആ കെട്ടിടത്തിന്റെ അങ്ങെ അറ്റത്തെ മുറിയില്‍ ഒരു ഗര്‍‌ഭിണിയാണുണ്ടായിരുന്നത്. നഴ്സുമാരുടെ പോക്കുവരവുകള്‍ കണ്ടിട്ട്  അവള്‍ പ്രസവിച്ചെന്ന് തോന്നുന്നു. അവരുടെ മുഖത്ത് പതിവില്‍ കൂടുതല്‍ ആകാംക്ഷ. ഒരു നഴ്സിനോട് കാര്യം തിരക്കി. അവള്‍ സംസാരിക്കാന്‍ ഭയക്കുന്നോ?  ആ സ്ത്രീയുടെ കുഞ്ഞ് പ്രസവിച്ച ഉടനെ തന്നെ സംസാരിക്കുന്നെന്ന്! അമ്മയേയും കുഞ്ഞിനേയും അല്പം കൂടി സ്വകാര്യതയുള്ള മറ്റൊരിടത്തെക്ക് മാറ്റി. അത്ഭുതവും ആകാംക്ഷയും കൊണ്ട് ആ കുഞ്ഞിനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. അണിഞ്ഞിരുന്ന നീല ഷാള്‍ മാറ്റി വെളുത്ത മറ്റൊന്ന് ധരിച്ചു.
     ആ പ്രത്യേക മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി. "നിന്റെ പാദരക്ഷകള്‍ മാറ്റുക."
ഞാന്‍ പാദരക്ഷകള്‍ അഴിച്ച് മാറ്റി. വലതുകാല്‍ വെച്ച് ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ തൊട്ടിലില്‍ കുഞ്ഞ് കിടക്കുന്നു. കട്ടിലില്‍ കിടകുന്ന സ്ത്രീ കരയുന്നതെന്തിനാണ്‌? കുഞ്ഞിന്റെ പിതാവ് എഴുന്നേറ്റ് അല്പം മാറി നിന്നു. ഞാന്‍ തൊട്ടിലിനരികിലേക്ക് നീങ്ങി. കുഞ്ഞ് എന്നെ നോക്കി മോണ കാട്ടി ചിരിച്ചു. ഞാനും ചിരിച്ചു. അപ്പോള്‍ കുഞ്ഞ് പറഞ്ഞു " ഞാന്‍ മറിയമിന്റെ പുത്രന്‍ ഈസയാണ്‌."

     ഞാന്‍ തൊട്ടിലിന്‍ അരികില്‍ മുട്ടുകുത്തി നിന്നു. ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ താങ്കളില്‍ വിശ്വസിക്കുന്നു." അത് കേട്ടയുടന്‍ ആ തൊട്ടിലിലെ കുഞ്ഞ് ഒരു വലിയ മനുഷ്യരൂപം പ്രാപിച്ച് എഴുനെറ്റിരുന്നു. അത് കണ്ട ഞാന്‍ ഞെട്ടി തരിച്ചു. ആ കുഞ്ഞിന്റെ പിതാവ് ബോധം മറഞ്ഞ് നിലം പതിച്ചു. മാതാവും ബോധരഹിതയായി.

     അല്പനേരത്തിനു ശേഷം  ഞാന്‍ സമചിത്തത വീണ്ടെടുത്തു. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അന്ന് വരെ ഫോട്ടോകളില്‍ കണ്ടിട്ടുള്ള യേശുവിന്റെ ചിത്രത്തോട് നല്ല സാമ്യം.അതേ ഉയരവും തടിയും. മുഖഛായയില്‍ നേരിയ വ്യതിയാനമുണ്ട്. നീണ്ട താടി രോമങ്ങള്‍. ചുരുണ്ടു നീണ്ട മുടിയിഴകള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് വീണു കൊണ്ടിരുന്നു. ഞാന്‍ അവ ഒതുക്കി വെച്ചുകൊടുക്കാനായി മുന്നോട്ടാഞ്ഞു, ഉടനടി പിറകില്‍ നിന്ന് ഒരു അശരീരി. " അല്ലാഹുവിന്റെ പ്രവാചകനോടുള്ള നിന്റെ സ്നേഹം മനസ്സിലാവും, പക്ഷെ, അതൊരു അന്യപുരുഷനാണെന്നോര്‍ക്കുക!". ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. ആശ്ചര്യം കൊണ്ടും ആഹ്ലാദം കൊണ്ടും ഞാന്‍ മതി മറന്നു. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം! അല്ലാഹുവിന്റെ റസൂലേ,താങ്കളോ!  അതും നേരിട്ട്.! സാധാരണക്കാരിലും സാധാരണക്കാരിയായ ഈയുള്ളവളുടെ മുന്നിലോ?!!!!

     എന്റെ ആശ്ചര്യഭാവം കണ്ട് അദ്ദേഹം പുഞ്ചിരിച്ചു. വെളുത്ത സുന്ദരന്‍. ചുവന്ന ചുണ്ടുകള്‍. വട്ടമുഖം. പുര്‍ണ്ണചന്ദ്രനെ പോല്‍ വിളങ്ങും നനുത്ത പുഞ്ചിരി! രണ്ട് പ്രവാചകന്മ്മാരേയും ഞാന്‍ മാറി മാറി നോക്കി. ഇരുവരും പുഞ്ചിരിച്ചു. ഏതാനും നിമിഷങ്ങള്‍...പിന്നെ പതിയെ അവര്‍ എന്റെ കാഴ്ചയില്‍ നിന്ന് മാഞ്ഞു പോയി.

     ഉറക്കമുണര്‍ന്നിട്ടും വല്ലാത്തൊരവസ്ഥ. എന്തൊക്കെയാണീ ഞാന്‍ കണ്ടത്?!! എന്തെന്നില്ലാത്ത പരിഭ്രമം മനസിന്‌. കുളികഴിഞ്ഞ് സുബഹ് നമസ്കാരം കഴിഞ്ഞ് വീട്ട് ജോലികളില്‍ വ്യാപൃതയാകുമ്പോഴും മനസ്സ് മറ്റെങ്ങോ സഞ്ചരിക്കുകയാണ്‌. ഹജ്ജ് മാത്രം മനസ്സില്‍ കൊണ്ടു നടന്നത് കൊണ്ടാണോ ഈ ദിവ്യ ദര്‍ശനങ്ങള്‍.?!!

     ഇക്കയോടൊപ്പം ക്യാഷുമായി വീടുപൂട്ടി ഇറങ്ങി. ഹജ്ജിനുള്ള പണം അടക്കാന്‍ പോവുകയാണ്‌. മനസ്സ് മാത്രം ഇവിടില്ല. അത്  മറ്റെവിടെയോ അലയുന്നു. പതിവില്ലാതെ വീട്ടിന്നരികിലുള്ള കുന്നിന്‍ പുറത്തേക്ക് നോക്കി.. ആ കുന്നിന് ഒരു ദിവ്യഭാവം. സ്വപ്നത്തില്‍ ദര്‍ശിച്ച കുന്നിന്റെ ഛായ ഉണ്ടൊ? ആരാണതിന്‌ മുകളിലേക്ക് ധൃതിയില്‍ കയറുന്നത്?! ജോസഫേട്ടനോ? ഇന്നലെ ഇദ്ദേഹം എവിടാരുന്നു? പെങ്ങളുമായി വലിയ സുഖത്തിലല്ലെന്നറിയാം. കണ്ട സ്ഥിതിക്ക് വിവരങ്ങള്‍ അറിയാതെ പോകുന്നത് ശരിയല്ലെന്ന തോന്നല്‍. പക്ഷെ, അദ്ദേഹം എന്തൊരു ധൃതിയിലാണ്‌! നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ. കല്ലടിക്കോട് മലയുടെ പകുതിയോളം എത്തേണ്ടി വന്നു ജോസഫേട്ടനെ ഒന്ന് തടുത്ത് നിര്‍ത്താന്‍. അദ്ദേഹം കിതക്കുന്നു. ആ തണുപ്പത്തും വിയര്‍ക്കുന്നോ?  അല്പനേരം നോക്കി നില്‍ക്കുമ്പോഴേക്കും ജോസഫേട്ടന്റെ നിശബ്ദതക്ക് കനത്ത ഭാരം തോന്നിച്ചു.

     വാചാലമായ മൗനത്തിനു ശേഷം ഒരു പൊട്ടിക്കരച്ചില്‍. അപ്രതീക്ഷിതമായ ആ കണ്ണീര്‍ എന്നെയും ഇക്കയേയും വല്ലാതെ വേദനിപ്പിച്ചു. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ജോസഫേട്ടന്‍! വീട്ടുകാര്‍ക്ക് വേണ്ടി ഒന്നും സമ്പാദിക്കാത്ത ജീവിതം. ഇപ്പോള്‍ യുവത്വങ്ങളേയും സ്ത്രീത്വങ്ങളേയും അനാഥത്വത്തിന്റെ കരങ്ങളില്‍ ഏല്പ്പിച്ച് ഓടി ഒളിക്കാനുള്ള ശ്രമം!!

     അരുത്!! ഇതൊരു പുണ്യപര്‍‌വ്വതം! ഇത് ദൈവദര്‍‌ശ്നമേറ്റ സീനാപര്‍‌വ്വതം! അറിവിന്‍ പ്രതീകമാം അറാഫാകുന്ന്! ആശങ്കാകുലമാം സഫയും മര്‍‌വ്വയും! എല്ലാം ഈ പര്‍‌വ്വതമാണ്‌. ഇവിടൊരു അപമൃത്യു!!


ഞാന്‍ ഒരു നിമിഷം ഇക്കയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ ഭാവം വായിച്ചറിയാനായില്ല എങ്കിലും...
ഈ മൗനം സമ്മതമല്ലെ? നിശബ്ദയായി എന്റെ കൈയിലെ ബാഗില്‍നിന്നും പണപ്പൊതി ജോസഫേട്ടന്റെ കരങ്ങളില്‍ വെച്ച് കൊടുത്തു. ഇക്കയുടെ മുഖത്ത് ആശ്ചര്യ ഭാവമുണ്ടോ? ചിത്രങ്ങളിലെ കഅ്‌ബാലയം മനസ്സില്‍ തെളിഞ്ഞു വന്നു. എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ പതിക്കുന്നു. !!

     ആ പര്‍‌വ്വതത്തിന്റെ മുകളില്‍ നിന്നും പതിയെ താഴെ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മൗനം എന്താണ്‌ പറഞ്ഞത്?!  നീ ഇങ്ങിനെയേ ചെയ്യൂ എന്ന് എനിക്കറിയാമായിരുന്നെന്നൊ? ഇക്ക സമ്മതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം എന്നായിരുന്നു എന്റെ മൗനത്തിന്റെ വാചാലത.
     ഹൃദയം കൊത്തിപ്പറിക്കപ്പെടും പ്രോമിത്യൂസ്....നീ ഈ പര്‍‌വ്വതത്തിന്‍ മറുകരയിലോ?.....!!!!
                                       ***************