Tuesday 14 February 2012

വര്‍‌ണ്ണാഭമീ വരണമാല്യം

                                                                         
     സ്വര്‍ണ്ണക്കടയും സന്തോഷപ്പൂക്കള്‍ വിരിയിച്ചില്ല. കൊതിച്ചത് മാതൃസാമീപ്യം മാത്രം. ഇല്ലാത്തത് ആഗഹിക്കുന്ന മനസ്സ്. ഒഴിയുന്ന അച്ഛന്റെ മടിക്കുത്തിലേക്ക് ദയനീയമായി നോക്കി.സ്നേഹം നോട്ടുകെട്ടുകളിലൂടെ ഒഴുകി സ്വര്‍ണ്ണ വര്‍ണ്ണമായി മിന്നിത്തിളങ്ങി.

     വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ വിരസത. സ്വകാര്യതകളെ ആട്ടിയോടിച്ചു കൊണ്ട്  ബന്ധുക്കള്‍ തലങ്ങും വിലങ്ങും നടക്കുന്നു. ബാല്യത്തില്‍ താനേറെ  ഇഷ്ടപ്പെട്ടിരുന്ന ഈ ജനക്കൂട്ടം അനുവിന് ശല്യമായതെപ്പോഴാണ്? കുട്ടിക്കാലത്ത് നിത്യേനയുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നായിരുന്നു " ആരെങ്കിലും വീട്ടില്‍ വരണേ.." എന്നുള്ളത്. പ്രായം ആഗ്രഹങ്ങളേയും തകിടം മറിക്കുന്ന ഒന്നാണത്രെ. വിരുന്നുകാരുടെ സാമീപ്യത്തില്‍ കുടുംബാന്തരീക്ഷത്തില്‍ വരാറുള്ള നൈമിഷികമായ ശാന്തത. അതിനായി ദാഹിച്ചിരുന്ന അഞ്ചു വയസ്സുകാരി..

     പിറ്റേന്ന് ഉടുക്കാനുള്ള സാരി അമ്മായി വിടര്‍ത്തി കാണിക്കുന്നു അതിഥികള്‍ക്ക്.  നീലയില്‍ സ്വര്‍ണ്ണവര്‍‌ണ്ണങ്ങളുള്ള സാരി. അതിനെക്കാള്‍ ഇഷ്ടമായത്  മറൂണ്‍ നിറത്തിലെ പട്ടായിരുന്നു. പിന്നീടോര്‍‌ത്തു അമ്മയുടെ കല്ല്യാണപ്പട്ടിന്റെ നിറവും അതായിരുന്നെന്ന്. പതുക്കെ നീല സാരിയില്‍ പിടുത്തം ഉറപ്പിച്ചു. അതിലെ സ്വര്‍‌ണ്ണപൂക്കള്‍ എല്ലാവരേയും നോക്കി പൊട്ടിച്ചിരിച്ചു. പണ്ട് അവള്‍ അഭയം തേടാറുള്ള കിടക്കയുടെ കവറിന് ഇതേ നീല നിറമായിരുന്നു. കിടക്കയുടെ കവര്‍ നീക്കി അതിനകത്ത് കയറി ഇരിക്കുന്ന രംഗം! അച്ഛന്റെ കലമ്പലിനും അമ്മയുടെ രോദനത്തിനും ഒന്നും എത്തിപ്പെടാന്‍ കഴിയില്ലെന്ന് എന്തു കൊണ്ടോ വിശ്വസിച്ചു പോയ അമ്മയുടെ ഗര്‍‌ഭപാത്രം പോലെ അവള്‍ക്ക് സുരക്ഷിതത്വം തോന്നിച്ച ആ കവര്‍ കഴുകാനായി ഊരി എടുക്കപ്പെട്ട ദിനങ്ങളിലെ നിരാശ്രയത്വം!

     സ്കൂള്‍ വിട്ടാ‍ല്‍ വീട്ടില്‍ വരാന്‍ തോന്നാതെ,.. കളികളും ചിരികളും അന്യമായ ബാല്യം. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനാല്‍ ഓട്ടോക്കാരന്‍ ചൂടന്‍ മോഹനേട്ടനു എന്നും വില്ലന്‍ വേഷം.

     ശബ്ദങ്ങള്‍ ഇരുളില്‍ മറഞ്ഞിട്ടും വിരുന്ന് വരാതിരിക്കുന്ന നിദ്രയെ അന്വേഷിച്ച് ഇറങ്ങിയതുമില്ല. വരനെ കുറിച്ചോര്‍ത്ത് നവവധുമാര്‍ ഉറങ്ങാതിരിക്കാറുള്ള രാത്രിയാണത്രെ. അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നത് അച്ഛന്റെ  കണ്ണിലെ അതേ തീക്ഷ്ണത. അയാളുടെ ശബ്ദത്തിന് അച്ഛന്റെ ശബ്ദത്തിന്റെ കാഠിന്യം. ഭയമായിരുന്നോ നിദ്രയെ ആട്ടി ഓടിച്ചത്? അങ്ങകലെ നിന്ന് താരാട്ട് പാട്ടിന്റെ ഈരടികള്‍ ഒഴുകി വരും പോലെ. വരികള്‍ക്കിടയില്‍ ഈണം തെറ്റിച്ചു  കൊണ്ടുയരുന്ന തേങ്ങലുകള്‍..

     നീലപ്പുടവക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ശരീരം കണ്ണാടിക്ക് മുന്നില്‍ നിര്‍ത്തിയെങ്കിലും ഒന്ന് നോക്കാന്‍ പോലും തോന്നിയില്ല. മനസ്സ് മറ്റെവിടെയോ ഓടിക്കളിക്കുകയാണ്‌. കഴുത്തില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന ഇളക്കത്താലി ശ്വാസം മുട്ടിക്കുന്നു. അതിന്റെ ഇതളുകള്‍ പോലെ മനസ്സും ആടിയാടി..അറിയാതെ മിഴികള്‍ നനഞ്ഞിറങ്ങുകയാണ്‌. കണ്ണീര്‍ കൈ കൊണ്ട് തുടച്ചപ്പോള്‍ പവിത്രക്കെട്ട് മോതിരത്തിന്റെ അരികുകള്‍ കവിളിനേയും നോവിച്ചു.

     പാലക്കനെക്ലസ്സിന് അമ്മിഞ്ഞപ്പാലിന്റെ നറുമണം. മനസ്സിലെവിടെയോ ഒരു നഷ്ടബോധം അലതല്ലി കളിക്കുകയാണ്‌. അമ്മക്കും ഇത് പോലൊരു മാലയുണ്ട്.അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഭരണം. അച്ഛന്റെ ആദ്യ സമ്മാനം. ഓര്‍മ്മച്ചെപ്പില്‍ കാത്ത് സൂക്ഷിക്കാനായി മാധുര്യമുള്ളതൊന്നും തരാതെ പാറിപ്പറന്നകന്ന ബാല്യം. ഭയാനകതകളില്‍ മാത്രം ദിനരാത്രങ്ങള്‍ തള്ളിനീക്കിയ ബാല്യകൗമാരങ്ങള്‍.

    അമ്മ ജീവിച്ചിരിക്കെ തന്നെ മാതൃസാമീപ്യമില്ലാതെ കതിര്‍മണ്‍ഡപത്തിലേക്ക് കാലെടുത്ത് വെക്കേണ്ടി വന്നപ്പോള്‍ പട്ടുസാരി  മുല്ലമൊട്ടുമാലയില്‍ കൊളുത്തി വലിച്ചാലെന്ന പോലെ മനസ്സ് കൊളുത്തി വലിച്ചു.

     മുത്തുമാലകള്‍ക്കും റെയിന്‍ഡ്രോപ്സ് കമ്മലിനും കണ്ണീരിന്റെ ഛായ. അച്ഛന്‍ തന്നെയും അമ്മയെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുമ്പോള്‍ വിരുന്നു വന്നെത്തിയ അനാഥത്വം. അതിന്റെ നൊമ്പരങ്ങള്‍ക്ക് നേരത്തെ അനുഭവിച്ചിരുന്ന ഭയാനകതകളെക്കാള്‍ മാധുര്യം ഉണ്ടായിരുന്നെന്ന്  തോന്നുന്നു. പെണ്‍മക്കള്‍ പെറ്റമ്മക്കും ഭാരമാകും കാലം. വന്നണയുന്ന ഇരുളിമയെ പ്രണയിച്ചു. അസ്തമിക്കുന്ന സൂര്യനെ  നോക്കി പൊട്ടിക്കരഞ്ഞില്ല.

     അമ്മയുടെ ഭാരം സ്വയം ഇറക്കി വെക്കണം. അതിന്‌ അച്ഛന്റെ സ്വസ്ഥമായ കുടുംബജീവിതത്തിലേക്ക് കയറാതെ വയ്യ. സ്വന്തം  നിസ്സഹായതയെ തിരിച്ചറിഞ്ഞതപ്പോഴാണോ? വിവാഹമെന്ന മഞ്ഞച്ചരടില്‍ കോര്‍ത്ത് വലിച്ചെറിയപ്പെടുമ്പോഴും മുഴങ്ങി  കേട്ടു ഒരു നിബന്ധന. വിവാഹസ്വപ്നങ്ങളെ നിറങ്ങളില്‍ ചാലിച്ചെടുക്കാന്‍ അമ്മ നോക്കെത്താദൂരത്ത് നിന്നേതീരൂ.....!!

     അമ്മയുടെ സാമീപ്യം പോലും അച്ഛന്‍ അനുവദിക്കാത്തതെന്തെന്ന് ചോദിച്ചില്ല. നിശബ്ദത അത്രമാത്രം അവളുടെ  കൂട്ടുകാരിയായി മാറിയിരിക്കുന്നു. ജീവിതത്തന്റെ പാതി വഴിയില്‍ വെച്ച് അനുവിനേയും അമ്മയേയും തനിച്ചാക്കി അച്ഛന്‍ യാത്രയാകുമ്പോള്‍ കൂട്ടുവന്ന നിശബ്ദത...അവള്‍ മാത്രം അനുവിനെ  ഉപേക്ഷിച്ചില്ല;  തനിച്ചാക്കിയതുമില്ല.

     അച്ഛന്റെ കുടുംബിനിക്കൊപ്പം, മക്കളോടൊപ്പം കതിര്‍മണ്ഡപത്തിലേക്ക് കയറുമ്പോള്‍ തിരയേണ്ടതില്ല അമ്മയെ. ദൂരെ പാഴ്ക്കുടിലിന്‍ കതകുകളടച്ച്, മിഴികളടച്ച്..ഒരു പക്ഷെ, ഒരു പിടി അരിയും തുളസിയിലയും കൈക്കുമ്പിളിലാക്കി....

     പ്രദക്ഷിണത്തിനായി വരന്‍ കരം ഗ്രഹിച്ചപ്പോള്‍ അച്ഛന്റെ പരുപരുത്ത കൈത്തലം ഓര്‍മ്മ വന്നു. ഇനി മുതല്‍ തന്റെ സ്ഥാനം മാറുകയാണ്‌. മറ്റൊരു അമ്മയുടെ വേഷമാണിനി. മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന ഉറക്കെ കരയുന്ന ....എന്നിട്ടും  തെല്ലും ഭയം തോന്നാത്തതെന്തെ? പുതുഗൃഹത്തിലേക്ക് കൈ പിടിച്ച് കയറ്റപ്പെടുമ്പോഴും ആശങ്കകളില്ല, പ്രതീക്ഷകളില്ല.സ്വപ്നങ്ങളുമില്ല. എന്തും നേരിടാന്‍ തയ്യാറെടുത്ത മനസ്സ്. ആവര്‍ത്തിക്കപ്പെടാവുന്ന ചരിത്രങ്ങള്‍..
.
     ആള്‍ക്കൂട്ടത്തില്‍ നിന്ന് തന്റെയടുത്തെത്തി കൈ പിടിക്കുന്നതാരാണ്‌? കൈയ്യിലെ അഷ്ടലക്ഷ്മീ വളയും ദശാവതാരവും കൂട്ടി മുട്ടി കലമ്പിച്ചു. സ്വപ്നം കാണുകയാണോ താന്‍ അമ്മയെ?!! അനിയന്ത്രിതമായി ഇരുവരും പൊട്ടിക്കരഞ്ഞ നിമിഷം. 
"പെറ്റമ്മേടെ കണ്ണീര്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല കുട്ട്യേ...ഒരു കാറില്‍ പെണ്ണുങ്ങള്‍ ചെന്ന് ഇവരെ ഇങ്ങട്ട് കൊണ്ട്വന്നു...." വാക്കുകള്‍ ആരുടേതാണ്? നാത്തൂന്റേതോ അതൊ, അമ്മയിഅമ്മയുടേതോ...തിരിച്ചറിയാന്‍ കഴിയാത്ത വിധം മനസ്സിളകി മറിഞ്ഞ്‌...
ഇതാവാം താന്‍ ജീവിതത്തിലാദ്യമായി സന്തോഷിച്ച നിമിഷം! ഇത്രമേല്‍ ആനന്ദാശ്രുക്കള്‍ ഇതിനു മുമ്പൊരിക്കലും പൊഴിഞ്ഞു വീണിട്ടില്ല.

     ചുറ്റും നിന്നവരില്‍ ചിലര്‍ കണ്ണ് തുടക്കുന്നു. വരന്റെ മുഖത്തേക്ക് നോക്കി. അവിടെ വിരിഞ്ഞതൊരു വശ്യമായ പുഞ്ചിരി. അതില്‍ പൊന്നിന്‍ തിളക്കം. അച്ഛന്റെ ഛായയില്ലിപ്പോഴദ്ദേഹത്തിന്‌. പൊന്നില്‍ പതിച്ച വജ്രാഭരണ തേജസ്സ്..!!!!!